|
|
സിംഗപ്പൂര്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പ്രഭാ നായര്‍
അവതരിപ്പിച്ച നൃത്തശില്പത്തിനു വേണ്ടി
എഴുതിയ ഗാനങ്ങള്‍
ഫ്ലോറന്‍സ് നൈറ്റിങ്ഗെയില്‍
ഒരു കൊച്ചു കൈത്തിരി വെട്ടവുമായ്
ഇരുളാര്‍ന്നൊരീനടപ്പാതകളില്‍
ഒരു കൊച്ചുമാലാഖ പോലെ വന്നു
മുറിവില്‍ നീ ചന്ദനം പൂശി നിന്നു.
പലകാലഘട്ടം കടന്നുപോയി
പല യുദ്ധഭൂമികള്‍ വിജനമായി
എങ്കിലും കേള്‍ക്കുന്നു ഞങ്ങളിന്നും
കനിവാര്‍ന്ന നിന്‍ സ്വരം രാത്രികളില്‍.
ജാന്‍സി റാണി
പടനിലങ്ങളില്‍ നിന്‍റെ ധീരത
പട നയിച്ചൊരാനാള്‍കളില്‍
ഇരുകരങ്ങളില്‍ വാളുമേന്തി നീ
പൊരുതി നിന്നതാണീവഴി.
ഇവിടെ വീണ നിന്‍ ചുടുനിണത്തിനാല്‍
നനവിയന്നൊരീക്കൊടിയുമായ്
അകലെ നിന്നു നിന്‍ ധീരസാഹസ-
കഥകള്‍ പാടുകയാണു നാം.
മദര്‍ തെരേസ
സ്നേഹദൂതികേ! നിന്‍റെ നീണ്ടകൈവിരല്‍ത്തുമ്പാല്‍
മൂകദുഃഖത്തേയൊപ്പി മാറ്റുവാന്‍ വന്നല്ലോ നീ.
എങ്ങിനെ പറയുവാന്‍ നന്ദിവാക്ക-റിയാതെ
മൂകത മുഖം താഴ്ത്തി വിങ്ങിനില്ക്കുന്നൂ മുന്നില്‍.
ഇവിടെച്ചളികെട്ടി നാറുന്നൂ മനുഷ്യത്വം
മരണം കഴുകന്‍റെ കണ്ണുമായിരിക്കുന്നു.
സ്നേഹദൂതികേ! നിന്‍റെ സന്നിധാനത്താല്‍ ധന്യ-
മായി മാറുന്നൂ കണ്ണീരിറ്റുവീഴുമീമണ്ണും.
ഭരത വാക്യം
എരിയുന്നൊരേകന്തദുഃഖത്തിന്‍ ചിതയിലെ
ചന്ദന മുട്ടികളല്ല - ഞങ്ങള്‍
ചന്ദന മുട്ടികളല്ല.
താഴ്വരക്കാട്ടിലെ, ക്കാവിലെ ദേവന്‍റെ
അര്‍ച്ചനാപുഷ്പങ്ങളല്ലാ - ഞങ്ങള്‍
അര്‍ച്ചനാപുഷ്പങ്ങളല്ല.
അലയാഴിത്തിരകള്‍ തന്‍ നൂപുരമണിയുന്ന
ഹരിതമീ മരതകദ്വീപില്‍
പുതിയോരിതിഹാസ കഥകളാല്‍ നാടിന്‍റെ
കവിളത്തു കുങ്കുമം പൂശും - ഞങ്ങള്‍
വിധി തന്ന വഴികള്‍ തിരുത്തും.
Noopura Dhwani 2
ആരാണു പിന്നെയും?
ആരാണു പിന്നെയുമീനിലാവില്‍
പാടാന്‍ പറയുന്നു പാതിരാവില്‍?
ഒരു രക്ത കുങ്കുമപ്പൊട്ടു പോലെ
അകലെ നീ മാഞ്ഞുപോയ് സന്ധ്യ പോലെ
വിജന വനാന്തരവീഥിയില്‍ പിന്‍ -
തുടരുകയാണു ഞാന്‍ നിഴലു പോലെ.
ഒരുവര്‍ഷമേഘമായ് ഞാനലഞ്ഞു
ഒരു മഴവില്ലായി നീ മറഞ്ഞു'
ഒരു ദുഃഖഗാനത്തിന്‍ താളമായി
ലയമായി നീയെന്നില്‍ വീണുറങ്ങി.
ഇനിയെന്‍ നിശാഗന്ധി പൂക്കുകില്ലേ?
ഇനിയെന്‍റെ രാപ്പാടി പാടുകില്ലേ?
നീളുമീനിശ്ശബ്ദ മേഖലയില്‍
നീയുമീഞാനുമലിഞ്ഞുചേര്‍ന്നു.
ഒരു മോഹഭംഗമായ്
ഒരു മോഹഭംഗമായ്
അലയുന്നു നീ ചിത്ര -
ശലഭമായിന്നുമെന്‍
താഴ്വരയില്‍.
ചിറകറ്റു വീഴുവാന്‍
എന്തിനെന്‍ ദുഃഖങ്ങള്‍
പുകയും ശ്രീകോവില്‍ നീ
തേടി വന്നു?
പിരിയുവാനെങ്കില്‍ നാം
ഈ മനോഹാരിയാം
തീരത്തിലെന്തിനു
കണ്ടുമുട്ടി?
വിജനമീ വീഥിയില്‍
തിരയുന്നു നിന്നെ ഞാന്‍
വിഫലമാണെങ്കിലും
അന്നുമിന്നും.
പറയാന്‍ മറന്നുപോയ്
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ മാത്രം.