|
ആലാപനം : വിന്‍സെന്റ്ഗോമസ്
ഇനി ഞാനുറങ്ങട്ടെ
കല് വിളക്കുകള്‍ കെട്ടു
കോവിലില്‍; ക്കരിനീല -
വിഗ്രഹം മിഴിയട -
ച്ചുറങ്ങി ; തഴുതിട്ട
ഗോപുരനടവാതില്‍
മന്ദമായ്ത്തുറന്നിരുള്‍ -
ക്കാവുകള്‍ കടന്നു ഞാ -
നീവഴി നടക്കുന്നു.
പായലായ് മയങ്ങുന്നു
കല്‍പ്പടവിങ്കല്‍ വീണു
കാലങ്ങ; ളതിന്‍ താഴെ
നീണ്ടു നീണ്ടൊഴുകുന്നു
നദി പിന്നെയും ; മണല്‍ -
പ്പരപ്പില്‍ക്കൂടേ മാഞ്ഞ
പദമുദ്രകള്‍ തേടി
ഞാനലയുന്നൂ വീണ്ടും.
വെളിച്ചം കടക്കാത്ത
മനസ്സിന് ശീകോവില്‍ വി -
ട്ടിവിടെ, ത്തണുപ്പാര്‍ന്ന
രാവിലേകനായ് വന്നു
നില്ക്കുന്നു, നിരാലംബ
മൂഢവിശ്വാസങ്ങള്‍ വീ -
ണടിയും വിമൂകമാ -
മീശ്ശവപ്പറമ്പില്‍ ഞാന്‍.
എന്മിഴി, വിരല്ത്തുമ്പാല്
തഴുകും പ്രകാശമേ!
നിന്മടിയിങ്കല്ത്തളര്-
ന്നിനി ഞാനുറങ്ങട്ടെ!
|